Jun 3, 2007

മഴയും കുടയും

കണ്ണുരുട്ടികാണിക്കുന്ന
ബീബത്സരൂപമാണെനിക്കന്ന് മഴ
സ്കൂളിലേക്ക് നടക്കുമ്പോള്‍ ആക്രമിക്കുന്ന മഴ

പീടികകളിലെ ഇറക്കാലികള്‍
മാറി മാറി ചാടിയും ഓടിയുമായുള്ള യാത്ര
നനഞ്ഞവനു ക്ലാസിലേക്കു വിലക്ക്

പിന്നെ തോരുന്നതുവരെ വരാന്തയില്‍ കാത്തുനില്‍ക്കലും
കണ്ണില്‍ വാര്‍ന്നുതിര്‍ന്ന തുള്ളികള്‍ക്കും
വരാന്തയില്‍ കുടകളില്‍ നിന്നൂര്‍ന്ന തുള്ളികള്‍ക്കും
ഒരേശബ്ദം ഒരേതാളം ഒരേ പതനം
പുസ്തകം നനഞ്ഞതിനാല്‍
ഉള്ളം കൈ ചുവന്നു ചോര്‍ന്നിരുന്നു
നനഞ്ഞവനന്നിരിപ്പിടം നനയുന്നിടമായിരുന്നു
ബോര്‍ഡിലെഴുതിയ കണക്കുകളേക്കാല്‍ ഹൃദ്യം
മേല്‍ത്തട്ടിലെ കഴുക്കോലുകളുടേ എണ്ണം
പകലോര്‍മ്മകളെ കടിച്ചമര്‍ത്തിയുറങ്ങുമ്പോള്‍
മേല്‍ക്കൂര തുരന്നു വരുന്ന മഴ
പായയും തലയിണയും നനച്ചപ്പോള്‍
മറന്നുപോയല്ലോ എന്‍ മനസ്സിനെ നനക്കാന്‍
കാലത്തു വന്ന മഴയെ വെല്ലുവിളിക്കുവാനായ്
ചേച്ചി ഒളിപ്പിച്ച കുട മോഷ്ടിച്ചെടുത്തു

നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ

ബാല്യകാ‍ലം കടന്നു കോളേജിലേത്തിയപ്പോള്‍
തരാമെന്നു പറഞ്ഞ പിടിയിളകിയ ‍കുട കണ്ടില്ല
കുടയസ്ഥികള്‍കൊണ്ട്
പിള്ളേര്‍ കളിക്കുന്നു

അന്നും സ്വിച്ചിടുമ്പോള്‍ നിവരുന്ന കുട
എന്റെ രാത്രികാല സ്വപ്നങ്ങളില്‍ നായകന്‍
ആഞ്ഞുവരുന്ന കനത്ത മഴ പ്രതിനായകന്‍

ചാനലുകളില്‍ കുട പരസ്യങ്ങള്‍ വരുമ്പോള്‍
ഞാന്‍ ചാനലുകള്‍ മാറ്റാറില്ല..
മഴയെ പേടിച്ചു ജീവിച്ച ബാല്യകാലം
മഴയില്ലാത്ത സ്വപ്ന നഗരം സമ്മാനിച്ചു
ഇവിടെയും കുടകള്‍ക്കു ഞാനന്യന്‍....

16 comments:

ആര്‍ബി said...

ദുരനുഭവങ്ങളുരങ്ങുന്ന ബാല്യകാലത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍....
കാര്‍ന്നുതിന്നുന്ന മരുഭൂ പ്രവാസത്തിന്റെ പൊള്ളുന്ന സത്യങ്ങള്‍....

നന്നായി അവതരിപ്പിച്ചിരിക്കുന്നു.....

മനോജ് കുറൂര്‍ said...

പുസ്തകം നനഞ്ഞതിനാല്‍
ഉള്ളം കൈ ചുവന്നു ചോര്‍ന്നിരുന്നു
നനഞ്ഞവനന്നിരിപ്പിടം നനയുന്നിടമായിരുന്നു
ബോര്‍ഡിലെഴുതിയ കണക്കുകളേക്കാല്‍ ഹൃദ്യം
മേല്‍ത്തട്ടിലെ കഴുക്കോലുകളുടേ എണ്ണം
-ഈ വരികള്‍ ഇഷ്ടമായി :)

വല്യമ്മായി said...

കവിതയുടെ ആശയം നന്നായി,"കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ" പോലെ പല പ്രയോഗങ്ങളും വളരെ നന്നായി.

എന്നാല്‍‌ അജിത്തിന്റെ മറ്റ് കവിതകളുടെ കയ്യടക്കം കാണുന്നില്ല.അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ.

അജിത്ത് പോളക്കുളത്ത് said...

എന്റെ അനുഭവങ്ങളില്‍ നിന്നും ഉതിര്‍ന്ന കവിതകളില്‍ ഒന്നാണ് ഇത്.. കൃത്രിമ സൃഷ്ടി അല്ല!! പിന്നെ ഞാന്‍ എഴുതുന്ന പല കവിതകളും ഒന്ന് മറ്റോന്നില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കാന്‍ ഞാന്‍ ശ്രമിക്കും, ഇനിയും തുടര്‍ന്നുണ്ടകും!

കവി ശ്രീ മനോജ് കുറൂര്‍ നെ പോലെയുള്ളവര് തരുന്ന കമന്റ് എനിക്ക് അവര്‍ഡിനു തുല്യം.

എപ്പൊഴും എന്റെ കവിതകള്‍ വായിച്ചു പ്രതികരിക്കാറുള്ള ‘വല്യമ്മായി’ ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അക്ഷരതെറ്റുകള്‍ ഒഴിവാക്കും...‍
എന്റെ പ്രിയ സുഹൃത്തും ‘കവി റിയാസ്‘ എന്ന ‘ആര്‍ ബി‘ ക്കും നന്ദി.

DREAMS... said...

Priya Ajith,

oduvil unicodina njaanu keezhadakki.
kavithakal vaayichu.
mazhayum kudayum...i like it.
Mattu kavithakal..pravasathil ninnum parichu vechathu maathiri...
Soochanaa poole puzha.com -ilkaanaaam.

Sneham
K.G.Suraj
aksharamonline@gmail.com

kuzhoor wilson said...

"നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ"

മറന്നു വച്ച കുട കുറെക്കാലം ​കഴിയുമ്പോള്‍ കണ്ടെത്തി നിവര്ത്തിയാല്‍ ആകാശം കാണിച്ച് തരും . നക്ഷത്രങ്ങളെയും ...

jyothi.p said...

മഴയില്‍ മനസ്സും നനയുമോ.. ?

അജിത്ത് പോളക്കുളത്ത് said...

മഴ നനഞ്ഞ മനസ്സ് എന്നത് ഒരു കവി പ്രയോഗം.
പുറത്ത് മഴ പെയ്തിട്ടും നനയാത്ത എത്രയൊ മനസ്സുകള്‍...

ദേവസേന said...

മഴപ്പാട്ടുകള്‍ ഹൃദ്യമാണു. മഴകവിതകളും.
മഴയുള്ള രാത്രിയില്‍.. മനസിന്റെ തൂവലില്‍..എന്നു തുടങ്ങുന്ന സംഗീതം അടുത്തകാലത്തിറങ്ങിയവയിലെ മനോഹരമായ ഒന്നാണു.
മഴ നോക്കിയിരുന്ന് ഭൂമി പാടുന്നു, പ്രകൃതി കരയുന്നു
എന്ന് തിരിച്ചും, മറിച്ചും പറഞ്ഞിരുന്നു പ്രിയപ്പെട്ട ഒരാള്‍.

‘രാവുവെളുക്കുവാന്‍ ചോരുന്നകൂരയില്‍ കൂനിയിരുന്നു ബാല്യം..“ എന്ന എത്ര കേട്ടാലും മതിവരാത്ത പാട്ട് ഓര്‍മിപ്പിച്ചു ഈ കവിത.

50 ഡിഗ്രിയില്‍ നാമിരിക്കുന്ന ബില്‍ഡിങ്ങുകളുടെ മൂര്‍ദ്ധാവു പൊള്ളുമ്പോള്‍, ബാല്യവും, കണ്ണീരും,മഴയും നിറയുന്ന കവിത എഴുതാന്‍ അനുഭവങ്ങളുടെ തീവ്രതയല്ലതെ അജിത്തിനെ പ്രേരിപ്പിച്ചതെന്താണു?
ആശംസകളോടെ,

ഭൂ ത ന്‍ said...

ചേച്ചി ഒളിപ്പിച്ച കുട മോഷ്ടിച്ചെടുത്തു
നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ

ഈ വരികള്‍ നല്ലോണം സുഖിച്ചു..ഒപ്പം ആ നഷ്ടകാലത്തെ ഒന്ന് ഓര്‍ ക്കുകയും ... അഭിനന്ദനങ്ങള്‍

അജിത്ത് പോളക്കുളത്ത് said...

ദേവസേന,
എന്റെ ബാല്യങ്ങള്‍ മനസ്സില്‍ മരിക്കാത്തതുകൊണ്ട് ..

ഭൂതാ..
താങ്കള്‍ അത ഉള്‍കോണ്ടതില്‍ നന്ദി.


വിത്സേട്ടാ..
"നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ"

ഈ വരികളില്‍ ജീവനുണ്ട് എന്ന് ഞാന്‍ അവകാശപ്പേടുന്നു..ഇല്ലേ..

aru said...

Aji nannayittundu mazhayum kudayum,duritangal peeri vanna balayakalam.....vayikkan samayam kittiyirunnilla .....ennapattiyathu,kshamikkanam.aru

Rodrigo said...
This comment has been removed by a blog administrator.
Anonymous said...

കുടകള്‍ക്കടിയില്‍ ഉരുകുന്ന ബാല്യത്തേക്കാള്‍
വിവസ്ത്രയായ ആഘാശവും അതിലൂടെ ഊര്‍ന്നിറങുന്ന മഴയും . നാളകളുടെ ഓര്‍മകില്‍ ബാക്കിയുണ്ഠാകുന്നത് ഇവമാത്രമാകും

നന്നായിരിക്കുന്നു

jithan said...

ചാനലുകളില്‍ കുട പരസ്യങ്ങള്‍ വരുമ്പോള്‍
ഞാന്‍ ചാനലുകള്‍ മാറ്റാറില്ല..
മഴയെ പേടിച്ചു ജീവിച്ച ബാല്യകാലം
മഴയില്ലാത്ത സ്വപ്ന നഗരം സമ്മാനിച്ചു
ഇവിടെയും കുടകള്‍ക്കു ഞാനന്യന്‍....


നാമറിയാത്ത, നമ്മേയറിയാത്ത
ഈ നഗരത്തില്‍ എത്ര കാലം...
ഓര്‍മ്മകള്‍ക്ക് പോലും നടുക്കമുണ്ടാവില്ല
ഇവിടെയാകുംബോള്‍...
നനായി കവിത....

റീനി said...

മഴ നനഞ മനസ്സിന് ഓര്‍മ്മകള്‍ കുളിരേകട്ടെ!