Oct 9, 2007

സരസു എന്ന “പ്രാന്തത്തി“

കൊലുസിന്റെ കിലുക്കം
കേട്ട് തിരിഞ്ഞപ്പോള്‍
പച്ച പാവാടക്കാരി സരസു
ചിരിക്കുകയായിരുന്നു
അവളുടെ കൈയ്യില്
ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ.

വീട്ടിലെ മുറ്റത്തെ അമ്പലത്തില്‍
പൂജചെയ്ത് കളിക്കാന്‍
വന്നതായിരുന്നു അവള്‍

വരവും പോക്കും വേഗത്തിലായത്
കരുവാനച്ഛനെ പേടിചിട്ടാണ്
ആലയില് നിലക്കാതെ
തിരിയുന്ന ചക്രത്തിന് അവളുടെ കൂട്ട് വേണം
കൂട്ടുകാരുടെ കളിയൊച്ചകേള്ക്കുമ്പോള്‍
ഉലവേഗമുരയുന്നതും മുരളുന്നതും
കരുവാന്റെ നോട്ടത്തില്‍ നിലക്കും
പിന്നെ പതുക്കെ പതുക്കെ ഇല്ലാതാകും .

ഉലയിലെ തീയാല് ഇരുമ്പുരുക്കാം
ഉലയിലെ തീയാല് അവളുടെ മനസ്സുരുക്കാമോ?

കരുവാനച്ഛന്‍ രണ്ട് ഇരുമ്പുവളയങ്ങള്‍
പഴുപ്പിച്ച് രണ്ട് തട്ടുതട്ടി വെള്ളത്തില്‍ മുക്കി
ഓര്മ്മിക്കാനന്‍ അച്ഛന്‍ തന്ന ചട്ടകപ്പാടുകള്‍
അവള് തലോടി..
ആ പൊള്ളലിന്റെ നീറ്റലിനിയും മാറിയില്ല

സ്കൂളില്‍ പോകാത്തതിനാല്‍
യൂണിഫോമില്ല
ബുക്കും പെന്‍സിലുമില്ല
എല്ലാം അനിയനുവേണ്ടി മാറ്റിവച്ചതച്ഛന്‍

വര്‍ഷങ്ങള്‍ താണ്ടി തീരത്ത് ഞാനെത്തി
നാരങ്ങാവെള്ളം പഴമയെ മടക്കിത്തരുമ്പോള്‍
അതാ കിടക്കുന്നു ‘പ്രാന്തത്തി സരസു‘
കാലുകളില്‍ കരുവാന്റെ ഇരട്ടവളയം
ചോരയാല്‍ കുളിച്ചു കറുത്തിരിക്കുന്നു

മനസ്സിനില്ലാത്ത ഭ്രാന്ത്
ശരിരത്തിനായിരുന്നെന്നും മുറുമുറുപ്പുകള്‍

അവളുടെ കയ്യില്‍ പൂക്കളില്ല
ആലചക്രം തിരിച്ച കൈകളും നിശ്ചലം
വിറങ്ങലിച്ച അധരങ്ങളില്‍
അന്ത്യ ചുമ്പനങ്ങള്‍ നല്കുന്ന ഈച്ചകള്‍ മാത്രം

ഉലയില്‍ പഴുപ്പിച്ച ഇരുമ്പുവളയങ്ങളേ
ഉലയിലുരുകാത്തവളെ
ബന്ധിതയാക്കിയത് നിങ്ങളല്ലേ?

--------------------------