Feb 12, 2008

അച്ഛനെയോര്‍ത്തപ്പോള്‍...













സഖാവ്: പോളക്കുളത്ത് കുമാരന്‍

***


കമ്മ്യൂണിസ്റ്റായ അച്ഛനെ
ചിതയിലേക്കെടുക്കും മുമ്പ്
കാതോര്‍ത്ത മുദ്രാവാക്യങ്ങള്‍
കാതണയാനെത്തിയില്ല

അച്ഛന്‍ സൂക്ഷിച്ചിരുന്ന
പന്തം ചുറ്റിയന്നെറിഞ്ഞിരുന്ന
അടക്കാമരകുന്തം
ഇനി തോട്ടിയാക്കാം

മരപ്പെട്ടിയില്‍ സൂക്ഷിച്ച
മാര്‍ക്സും ലെനിനുമെഴുതിയ
ചുവപ്പു പുസ്തകങ്ങള്‍
തുടച്ചുമിനുക്കിയ ഓര്‍മ്മയും

വീട്ടിലെ അരിവാളിന്റെ
വക്ക് തുരുമ്പിക്കാതിരിക്കാന്‍
ഇടക്കിടക്ക് അരംകൊണ്ടുരക്കുന്നതും

ചുമരിനെ മറന്നിളകിയ ആണിയെ
ചുറ്റികയാലടിച്ചിരുത്തിയതും

അടിയന്തിരാവസ്ഥയിലെ
ഉറക്കമില്ലാത്ത രാത്രികളും

ഒറ്റിയവര്‍ക്ക് കണ്‍കുളിര്‍ക്കെ
കാണാനായ് പോലീസടിച്ചതും

മേനിയില്‍ കുഴമ്പുതേക്കുമ്പോള്‍
ആ പാടുകളെ സാക്ഷിയാക്കി
പലപ്പോഴും വിസ്തരിച്ചതും

വീട്ടില്‍ പുകഞ്ഞില്ലേലും
പുറത്ത് പുകയട്ടെന്നും
വീട്ടിലുടുക്കാനില്ലെങ്കിലും
കൊടി വാങ്ങിനാട്ടട്ടെയെന്നും
ഏത് പ്രത്യയശാസ്ത്രമാണരുളിയത്?

നഗരമദ്ധ്യത്തില്‍ ഞാറ്റിയ
ചെങ്കൊടിയാരാണുതിര്‍ത്തതെന്ന്
ആ കൈകളെവിടെയെന്നും
എന്തേ ആരും തിരക്കാത്തത്?

ബോള്‍ഷെവിക് വിപ്ലവം
ട്രോസ്കിയുടെ നാടുകടത്തല്‍
എല്ലാം അച്ഛനല്ലേ എന്നെ പഠിപ്പിച്ചത്?

ഞാന്‍ മനസ്സില്‍ ഉരുവിട്ടതും
ആചാരമന്ത്രങ്ങല്ലായിരുന്നു
കണ്ണിരിനോടോപ്പമുള്ള
എന്റെ മുദ്രാവാക്യങ്ങളായിരുന്നു

ഇത്രയല്ലേ കമ്മ്യൂണിസമിഷ്ടമുള്ള
എനിക്ക് ചെയ്യാനാവൂ?