Feb 12, 2008

അച്ഛനെയോര്‍ത്തപ്പോള്‍...













സഖാവ്: പോളക്കുളത്ത് കുമാരന്‍

***


കമ്മ്യൂണിസ്റ്റായ അച്ഛനെ
ചിതയിലേക്കെടുക്കും മുമ്പ്
കാതോര്‍ത്ത മുദ്രാവാക്യങ്ങള്‍
കാതണയാനെത്തിയില്ല

അച്ഛന്‍ സൂക്ഷിച്ചിരുന്ന
പന്തം ചുറ്റിയന്നെറിഞ്ഞിരുന്ന
അടക്കാമരകുന്തം
ഇനി തോട്ടിയാക്കാം

മരപ്പെട്ടിയില്‍ സൂക്ഷിച്ച
മാര്‍ക്സും ലെനിനുമെഴുതിയ
ചുവപ്പു പുസ്തകങ്ങള്‍
തുടച്ചുമിനുക്കിയ ഓര്‍മ്മയും

വീട്ടിലെ അരിവാളിന്റെ
വക്ക് തുരുമ്പിക്കാതിരിക്കാന്‍
ഇടക്കിടക്ക് അരംകൊണ്ടുരക്കുന്നതും

ചുമരിനെ മറന്നിളകിയ ആണിയെ
ചുറ്റികയാലടിച്ചിരുത്തിയതും

അടിയന്തിരാവസ്ഥയിലെ
ഉറക്കമില്ലാത്ത രാത്രികളും

ഒറ്റിയവര്‍ക്ക് കണ്‍കുളിര്‍ക്കെ
കാണാനായ് പോലീസടിച്ചതും

മേനിയില്‍ കുഴമ്പുതേക്കുമ്പോള്‍
ആ പാടുകളെ സാക്ഷിയാക്കി
പലപ്പോഴും വിസ്തരിച്ചതും

വീട്ടില്‍ പുകഞ്ഞില്ലേലും
പുറത്ത് പുകയട്ടെന്നും
വീട്ടിലുടുക്കാനില്ലെങ്കിലും
കൊടി വാങ്ങിനാട്ടട്ടെയെന്നും
ഏത് പ്രത്യയശാസ്ത്രമാണരുളിയത്?

നഗരമദ്ധ്യത്തില്‍ ഞാറ്റിയ
ചെങ്കൊടിയാരാണുതിര്‍ത്തതെന്ന്
ആ കൈകളെവിടെയെന്നും
എന്തേ ആരും തിരക്കാത്തത്?

ബോള്‍ഷെവിക് വിപ്ലവം
ട്രോസ്കിയുടെ നാടുകടത്തല്‍
എല്ലാം അച്ഛനല്ലേ എന്നെ പഠിപ്പിച്ചത്?

ഞാന്‍ മനസ്സില്‍ ഉരുവിട്ടതും
ആചാരമന്ത്രങ്ങല്ലായിരുന്നു
കണ്ണിരിനോടോപ്പമുള്ള
എന്റെ മുദ്രാവാക്യങ്ങളായിരുന്നു

ഇത്രയല്ലേ കമ്മ്യൂണിസമിഷ്ടമുള്ള
എനിക്ക് ചെയ്യാനാവൂ?

45 comments:

Ajith Polakulath said...

അതെ അച്ഛനെ ഓര്‍ത്തപ്പോള്‍ എഴുതിയതാണ്...

G.MANU said...

ആ അരിവാള്‍ മങ്ങിയില്ലെ മാഷെ

മനസില്‍ കൊണ്ടു ഈ കവിത

ദിനേശന്‍ വരിക്കോളി said...

അതെ സുഹൃത്തെ കഥയില്‍ ഒരപ്പൂപ്പനുണ്ടായിരുന്നു .
കഥപറഞ്ഞ് കഥപറഞ്ഞ് നമ്മുടെ രാവുകളെ
ഉണര്‍ത്തിയമുത്തശ്ശിയും
ഒക്കെയും കഥകളിലാണ് അതാണു ശാപവും
സസ്നേഹം

Rasheed Chalil said...

മനുഷ്യനെ അറിയുന്ന മനുഷ്യനെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ കുറഞ്ഞ് വരുന്ന ഈ കാലത്ത് ഈ ഓര്‍മ്മയ്ക്ക് വല്ലാത്ത മൂല്യം ഉണ്ട്...

ഇഷ്ടമായി മാഷേ...

asdfasdf asfdasdf said...

എന്നിട്ടും..

ഞാന്‍ മനസ്സില്‍ ഉരുവിട്ടതും
ആചാരമന്ത്രങ്ങല്ലായിരുന്നു
കണ്ണിരിനോടോപ്പമുള്ള
എന്റെ മുദ്രാവാക്യങ്ങളായിരുന്നു

നന്നായി കവിത.

Kaithamullu said...

കവിതയെ കീറി മുറിക്കാന്‍ ഞാനാളല്ല.

പക്ഷെ, അജീ, ഹൃദയത്തില്‍ തറച്ച് ആഴമായ ഒരു മുറിവുണ്ടാക്കി ഈ കവിത എന്നത് സത്യം.
-ഏറെ നാള്‍ അതുണങ്ങില്ല!

കുറെ സഖാക്കളെ അടുത്തറിയാവുന്നത് കൊണ്ടും പാര്‍ട്ടിക്ക് വേണ്ടി വോട്ട് തെണ്ടി അലഞ്ഞതുകൊണ്ടും കൂടിയാകണം വൈകാരികമായ ഈ അടുപ്പം തോന്നിയത്.

സഖാവിന് വേണ്ടി നനഞ്ഞ ഈ കണ്ണുകളൊന്നൊപ്പട്ടേ,ഇനി ഞാന്‍!

ഞാന്‍ ഇരിങ്ങല്‍ said...

സഖാവ് കുമാരേട്ടന് അഭിവാദ്യങ്ങള്‍.
കുമാരേട്ടന്‍ വിശ്വസിച്ച കമ്യൂണിസത്തിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.
അന്യന്‍റെ ശംബ്ദം സംഗീതമാകുന്ന നാളേക്ക്
കൊതിയോടെ കാത്തിരുന്ന രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍.
എന്നിട്ടും നമ്മള്‍ തോറ്റുപോയോ കുമാരേട്ടാ‍..
നെഞ്ചിലേറ്റിയ പന്തമൈന്ന് തോട്ടിയാക്കുന്നുവോ...?
സോവിയറ്റ് മിനുത്ത പുസ്തകങ്ങള്‍ പാഠപുസ്തകങ്ങള്‍ക്ക് പുറം ചട്ടയാകുന്നുവോ...?
എങ്കിലും കുമാരേട്ടാ... ഒരു പ്രതീക്ഷയുണ്ട്.

വീട്ടിലെ അരിവാളിന്റെ
വക്ക് തുരുമ്പിക്കാതിരിക്കാന്‍
ഇടക്കിടക്ക് അരംകൊണ്ടുരക്കുന്നു...”
ചിലരെങ്കിലും.
അടിയന്തിരാവസ്ഥ വെറും കടംങ്കഥയാകുന്നു ഇന്നത്തെ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്...പാര്‍ട്ടി ക്ലാസ്സുകളില്‍ മുഴങ്ങിക്കേട്ട ആവേശം കോളകളില്‍ പുതയുന്നു കുമാരേട്ടാ..

വീട്ടില്‍ പുകഞ്ഞില്ലേലും
പുറത്ത് പുകയട്ടെന്നും
വീട്ടിലുടുക്കാനില്ലെങ്കിലും
കൊടി വാങ്ങിനാട്ടട്ടെയെന്നും
ഏത് പ്രത്യയശാസ്ത്രമാണരുളിയത്?

അതേ കുമാരേട്ടന്‍ റെ മകന്‍ അജിത്തേ.. അതാണ് കമ്യൂണിസം.. നീ ഉടുത്തില്ലെങ്കിലും നിന്‍ റെ അയല്‍ക്കാരന് നാണം മറക്കാന്‍ തുണികൊടുക്കണം

നീ കഴിച്ചില്ലെങ്കിലും അയല്‍ക്കാരന്‍ റെ വയര്‍ ഒരു നേരമെങ്കിലും കഴിക്കണം.
നാടിനും നാട്ടാര്‍ക്കും വേണ്ടി ആവശ്യമെങ്കില്‍ സ്വന്തം ചോരയാല്‍ മുക്കി കൊടി നിര്‍മ്മിക്കണം. അതാണ് അജിത്തേ കമ്യൂണീസം..
നാളെ ഈ ചോരയുടെ ഉടമയെ ആരും തിരക്കില്ല. അത് ആരും പ്രതീക്ഷിക്കുന്നുമില്ല.

നാളെ എന്‍ റെ പേരിലൊരു രക്ത സാക്ഷിമണ്ടപമൊന്നും കുമാരേട്ടന്‍ ഓര്‍ത്തിരിക്കില്ല. സേവന സന്നദ്ധതയാണ് ഏതൊരു കമ്യൂണിസ്റ്റ് കാരന്‍ റേയും മനസ്സ്. പ്രതിഫലം ഇച്ഛിക്കുന്നേയില്ല.

ഒരിക്കല്‍ കൂടി കുമാരേട്ടനും മകനും വിപ്ലവാഭിവാദ്യങ്ങള്‍.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

prasanth kalathil said...

നന്നായിരിക്കുന്നു സുഹൃത്തേ

നജൂസ്‌ said...

ലാല്‍ സലാം സഖാവെ....


നന്മകള്‍

നിരക്ഷരൻ said...

ആ അച്ഛനും ഈ മകനും എന്റെ അഭിവാദ്യങ്ങള്‍.

ബാനറും, മുസരീസ് എന്ന പേരും എനിക്കിഷ്ടായി.
ആ പഴയ മുസരീസ് തുറമുഖത്തിന്റെ ഇക്കരയിലാണ് എന്റെ ലോകം.

ആര്‍ബി said...

നന്നായിരിക്കുന്നു...

കമ്മ്യൂണിസത്തെ അംഗീകരിക്കാത്ത എന്റെ മനസ്സില്‍ പോലും, എന്തോ നീറുന്ന പോലെ..!!!

നൂറു ഹരിതാഭിവാദ്യങ്ങള്‍....

ആര്‍ബി..

sunilraj said...

നന്നായിരിക്കുന്നു....

ഒരു “ദേശാഭിമാനി” said...

അച്ഛന്‍ തനിക്കേകിയ നന്മകളെപ്പോഴും
ഇത്തിരി വെട്ടയായ് തീര്‍ന്നിടട്ടെ!

ജീവിതം എന്നും തിളങ്ങിടട്ടെ!

സേഹ‍ം നിറഞ്ഞ ആശിര്‍വാദങ്ങളോടെ

ശ്രീവല്ലഭന്‍. said...

അജിത്‌,

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വളരെ നന്നായ് കവിതയിലൂടെ പ്രതിഭലിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങള്‍!

മുസ്തഫ|musthapha said...

വീട്ടിലെ അരിവാളിന്റെ
വക്ക് തുരുമ്പിക്കാതിരിക്കാന്‍
ഇടക്കിടക്ക് അരംകൊണ്ടുരക്കുന്നതും
ചുമരിനെ മറന്നിളകിയ ആണിയെ
ചുറ്റികയാലടിച്ചിരുത്തിയതും



നന്നായി അജിത്... അച്ഛനെ ഓര്‍ത്തെഴുതിയ കവിത!

ദിലീപ് വിശ്വനാഥ് said...

ലാല്‍ സലാം സഖാവേ. നമുക്കീ ഇസങ്ങളെല്ലാം വിറ്റ് വിശപ്പടക്കാം.

നല്ല കവിത.

rajan said...

....theeyil chuttedutha charitra shilpangal!__rajan

Anonymous said...

Kannu nanyichu,
Prathyekichu njanum communistayirunna orachante makananennorthappol.
Nannayirikkunnu enna bhangi vakku paryunnilla.
Manasin neeralayi kure naal kidakkum ee vedana.
Nandi
Abe

Divakar said...

ajith, really liked it..and really felt it.

തറവാടി said...

മുസരിസ്,

ചൊല്ലാന്‍ സുഖമുള്ള കവിത.

Kuzhur Wilson said...

അച്ഛനെ മറക്കാത്ത കുട്ടി,
ആ നാളുകളും മറക്കില്ല.
ഇല്ല നീ ഒന്നും മറക്കില്ല.

നീ എന്നും ഇടത് പക്ഷത്തായിരിക്കും.
അത് ലാത്സലാം പറയുന്നത് കൊണ്ടല്ല

മനുഷ്യ ഹ്യദയം ഇടത് പക്ഷത്ത് കൊണ്ടായത് കൊണ്ടാണ്

Kuzhur Wilson said...

അച്ഛനെ മറക്കാത്ത കുട്ടി,
ആ നാളുകളും മറക്കില്ല.
ഇല്ല നീ ഒന്നും മറക്കില്ല.

നീ എന്നും ഇടത് പക്ഷത്തായിരിക്കും.
അത് ലാത്സലാം പറയുന്നത് കൊണ്ടല്ല

മനുഷ്യ ഹ്യദയം ഇടത് പക്ഷത്ത് കൊണ്ടായത് കൊണ്ടാണ്

Ajith Polakulath said...

എന്റെ അച്ഛന്‍ അടിയന്തിരാവസ്ഥക്കാലത്ത് സുഹൃത്തായ യശ:ശരീരനായ സഖാവ് ശ്രീ ഗോപലകൃഷ്ണ മേനോനുമൊപ്പമായിരുന്നു(മുന്‍ എം എല്‍ എ) കൊടുങ്ങല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

ആ കാലത്ത് സഹപ്രവര്‍ത്തകര്‍ തമ്മില്‍ നല്ല ഐക്യമുണ്ടായിരുന്നു. രാജു ഇരിങ്ങല്‍ പറഞ്ഞപോലെ കര്‍മ്മ മായിരുന്നു അന്ന് പരമ പ്രധാനം, അല്ലാതെ അധികാരങ്ങള്‍ അവര്‍ക്ക് അലങ്കാര
മായിരുന്നില്ല. (എല്ലാം പറഞ്ഞു കേട്ടിട്ടുള്ളതാണ്)

ജി മനു, ദിനേശന്‍, ഇത്തിരിവെട്ടം, കുട്ടന്‍ മേനോന്‍, കൈതമുള്ള്, രാജുമാഷ്, പ്രശാന്ത്, നജൂസ്, നിരക്ഷരന്‍,ആര്‍ബി, സുനില്‍, ഒരു ദേശാഭിമാനി, ശ്രീ വല്ലഭന്‍, അഗ്രജന്‍, വാല്‍മീകി, abe, divs, rajan, തറവാടി, വിത്സന്‍ മാഷ്....... എല്ലാവര്‍ക്കും ലാല്‍ സലാം

Unknown said...

achanum makanum abhivadyangal

absolute_void(); said...

അച്ഛന്‍ സൂക്ഷിച്ചിരുന്ന
പന്തം ചുറ്റിയന്നെറിഞ്ഞിരുന്ന
അടക്കാമരകുന്തം
ഇനി തോട്ടിയാക്കാം

എന്തു പറയാന്‍. അജിത്തിനു പറയാനുള്ളതു മാത്രമല്ല, എനിക്കു പറയാനുള്ളതും ഇതില്‍ അടങ്ങിയിരിക്കുന്നു.

കണ്ണീര്‍നനവോടെ,

Anonymous said...

very very nice poem...............

കുറുമാന്‍ said...

അജിത്തേ, വല്ലപ്പോഴുമാണെങ്കിലും നീ വരുന്നത് നല്ല മൂര്‍ച്ചയുള്ള ഇരുതല വാളുപോലത്തെ കവിതകളുമായാണ്.



അടക്കാമരകുന്തം തോട്ടിയാക്കാന്‍ വരട്ടെ
അരിവാളരത്താല്‍ മൂര്‍ച്ചകൂട്ടികൊണ്ടേയിരിക്കൂ - ആവശ്യം വരും

ലാല്‍ സലാം.

അപ്പു ആദ്യാക്ഷരി said...

അജിത്ത്, അച്ഛനെക്കുറിച്ചുള്ള നനവുള്ള ഓര്‍മ്മകള്‍ പകര്‍ത്തിയിരിക്കുന്നതുവായിച്ചു, വേദനയോടെ.

siva // ശിവ said...

what a great poem in memories of that great father.....nice....

സാല്‍ജോҐsaljo said...

അഭിവാദ്യങ്ങള്‍!

നീയെന്നെ കമ്യൂണിസ്റ്റാക്കി അജിത്തേ. നിനക്കും കടവിനുമൊപ്പം ആരും മറക്കാതിരിക്കട്ടെ അച്ഛനെ?

സജീവ് കടവനാട് said...

എനിക്കുമെഴുതണമെന്നുണ്ടായിരുന്നു ഒരു സഖാവിനെകുറിച്ച്, അച്ഛനെകുറിച്ച്...

ശ്രീലാല്‍ said...

അജിത്ത്, ശക്തമായ വരികള്‍,

അഗ്നി അണയാതിരിക്കട്ടെ.

Cartoonist said...

ഈ അച്ഛന്മാരെക്കൊണ്ടു തോറ്റു- നിന്റെയും എന്റെയും !!!

ബിനീഷ്‌തവനൂര്‍ said...

sebin, kuzhur ennivar nannaayi vaayicchu, kavithayum, kaviyEyum
www.thiruvaathira.blogspot.com
www.ragaratnam.blogspot.com
www.rraudio.blogspot.com

ഗുരുജി said...

ഹൃദ്യമായ കവിത. ജീവിതാംശമുള്ള കവിത. ഉള്ളിന്‍റെ ഉള്ളിലുള്ള കതകില്‍ ഒരു മുട്ടു കേട്ടപോലെ..വളരെ വളരെ അഭിവാദ്യങ്ങള്‍...ആ അച്ഛനു ഒരുകോടി നമസ്‌കാരം.

Anonymous said...

സഖാവേ....
കണ്ണുകള്‍ നനഞ്ഞത്
അറിഞ്ഞില്ല...
കവിത നന്നായി....
അഭിനന്ദനങ്ങള്‍...

ഉഗാണ്ട രണ്ടാമന്‍ said...

ഇപ്പോഴാണ് ഇതു വഴി വന്നതു....നന്നായിരിക്കുന്നു സുഹൃത്തേ

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV de LCD, I hope you enjoy. The address is http://tv-lcd.blogspot.com. A hug.

Sunith Somasekharan said...

ellaa achanmaarum konduvarumennu pratheekshichu irakkumathi cheytha saadhanam pattu poyathu ariyanjittallennariyam.. aadarsam jeevikkaanullathaanu..parayaanullathalla...

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

അജിത്,

നമ്മുടെ പുഴ നിറയുകയാണ്‌. വേര്‍തിരിക്കാനാവാത്ത വിധം വിഷം കലര്‍ന്നൊഴുകുമ്പോഴും നാം സമാധാനിക്കുകയാണ്‌ പുഴ എന്നും പുതിയതാണെന്നു്‌.

അച്ഛന്റെ ഓര്‍‍മ്മയ്ക്കു്‌ ഒരു തിലോദകം!

എഴുതൂ വീണ്ടും, ശക്തിയായി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മനസില്‍ കൊണ്ടു ഈ കവിത

Sapna Anu B.George said...

കാണാന്‍ താമസൈച്ചതില്‍ ക്ഷമിക്കുമല്ലൊ???

sreeraj said...

manasil kondu ee kavitha njan ella postingum vayichu

പിരിക്കുട്ടി said...

saghavinu snehapporavam...
nannayittundu

കൃഷ്‌ണ.തൃഷ്‌ണ said...

ഓര്‍‌ക്കാന്‍‌ ഇങ്ങനെയൊരു അച്ഛനുണ്ടായിരിക്കുന്ന എന്നതിനേക്കാ‍ള്‍‌ വലിയ സുകൃതം എന്ത്>?

ആ അച്ഛന്റെ സ്‌മരണക്കുമുന്നില്‍‌ മിഴിപൂട്ടി ഒരു നിമിഷം‌ നില്‍‌ക്കാന്‍‌ ഈ കവിതക്കുകഴിഞ്ഞു.