Jun 3, 2007

മഴയും കുടയും

കണ്ണുരുട്ടികാണിക്കുന്ന
ബീബത്സരൂപമാണെനിക്കന്ന് മഴ
സ്കൂളിലേക്ക് നടക്കുമ്പോള്‍ ആക്രമിക്കുന്ന മഴ

പീടികകളിലെ ഇറക്കാലികള്‍
മാറി മാറി ചാടിയും ഓടിയുമായുള്ള യാത്ര
നനഞ്ഞവനു ക്ലാസിലേക്കു വിലക്ക്

പിന്നെ തോരുന്നതുവരെ വരാന്തയില്‍ കാത്തുനില്‍ക്കലും
കണ്ണില്‍ വാര്‍ന്നുതിര്‍ന്ന തുള്ളികള്‍ക്കും
വരാന്തയില്‍ കുടകളില്‍ നിന്നൂര്‍ന്ന തുള്ളികള്‍ക്കും
ഒരേശബ്ദം ഒരേതാളം ഒരേ പതനം
പുസ്തകം നനഞ്ഞതിനാല്‍
ഉള്ളം കൈ ചുവന്നു ചോര്‍ന്നിരുന്നു
നനഞ്ഞവനന്നിരിപ്പിടം നനയുന്നിടമായിരുന്നു
ബോര്‍ഡിലെഴുതിയ കണക്കുകളേക്കാല്‍ ഹൃദ്യം
മേല്‍ത്തട്ടിലെ കഴുക്കോലുകളുടേ എണ്ണം
പകലോര്‍മ്മകളെ കടിച്ചമര്‍ത്തിയുറങ്ങുമ്പോള്‍
മേല്‍ക്കൂര തുരന്നു വരുന്ന മഴ
പായയും തലയിണയും നനച്ചപ്പോള്‍
മറന്നുപോയല്ലോ എന്‍ മനസ്സിനെ നനക്കാന്‍
കാലത്തു വന്ന മഴയെ വെല്ലുവിളിക്കുവാനായ്
ചേച്ചി ഒളിപ്പിച്ച കുട മോഷ്ടിച്ചെടുത്തു

നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ

ബാല്യകാ‍ലം കടന്നു കോളേജിലേത്തിയപ്പോള്‍
തരാമെന്നു പറഞ്ഞ പിടിയിളകിയ ‍കുട കണ്ടില്ല
കുടയസ്ഥികള്‍കൊണ്ട്
പിള്ളേര്‍ കളിക്കുന്നു

അന്നും സ്വിച്ചിടുമ്പോള്‍ നിവരുന്ന കുട
എന്റെ രാത്രികാല സ്വപ്നങ്ങളില്‍ നായകന്‍
ആഞ്ഞുവരുന്ന കനത്ത മഴ പ്രതിനായകന്‍

ചാനലുകളില്‍ കുട പരസ്യങ്ങള്‍ വരുമ്പോള്‍
ഞാന്‍ ചാനലുകള്‍ മാറ്റാറില്ല..
മഴയെ പേടിച്ചു ജീവിച്ച ബാല്യകാലം
മഴയില്ലാത്ത സ്വപ്ന നഗരം സമ്മാനിച്ചു
ഇവിടെയും കുടകള്‍ക്കു ഞാനന്യന്‍....