Dec 22, 2007

ഒരു ഹൃദയ പഠനം

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാള്‍

കാലം പറഞ്ഞു;
"ഹൃദയത്തിന്റെ നാലറകള്‍
നിറച്ച് വച്ചിരിക്കുന്നത്
പലവര്‍ണ്ണങ്ങളുള്ള കോശങ്ങളാണെന്ന്"

മേലാകെ മുള്ളുണ്ടെങ്കിലും
കോറി നോവിക്കാത്ത കൈതോലയാണ്
എന്നാലും വിശ്വസിക്കാന്‍ പേടി

സൂഷ്മദര്‍ശിനിയുടെ 10x 45x 100x
എന്നീ ലെന്‍സുകളിലൂടെയായിരുന്നു
എന്റെ ഹൃദയ പഠനം

മുകളിലെ വലത് ഓറിക്കിളില്‍
വറ്റാത്ത സ്നേഹത്തിന്റെ കോശങ്ങള്‍
രണ്ടാമത്തെ ഇടത് ഓറിക്കിളില്‍
വിരുന്നുവിളിക്കുന്ന സല്‍ക്കാര കോശങ്ങള്‍
താഴെയുള്ള വലത് വെന്‍ട്രിക്കിളില്‍ സൌഹാര്‍ദ്ദ കോശങ്ങള്‍
അവ അകലം വെക്കാതെ കെട്ട് പിണഞ്ഞ് കിടക്കുന്നു
നാലമത്തെ അറ പൂട്ടിയിരിക്കുന്നു
കൈതമുള്ളാല്‍ ഞാന്‍ തന്നെ കുത്തി
സ്തരം പൊട്ടി പല വര്‍ണ്ണങ്ങളിലുള്ള
മരിക്കാത്ത യൌവ്വനത്തിന്റെ
രഹസ്യ കോശങ്ങള്‍ തുളുമ്പി
ഹൃദയം കൈതോലനാരില്‍ തുന്നികെട്ടി

സൂക്ഷ്മ ദര്‍ശിനിയില്‍ കണ്ണു നട്ടിരിക്കുമ്പോള്‍
പേപ്പറില്‍ ഞാന്‍ പകര്‍ത്തിയത്
കാലം വന്ന് മാച്ചുകളഞ്ഞു

യൌവ്വന കോശങ്ങള്‍
ആര്‍ക്കും പിടികൊടുക്കില്ലെന്ന് ഗ്രന്ഥങ്ങള്‍
തലയിലെ കഷണ്ടിയില്‍ പ്രായം കണ്ടു
മനസ്സിലെ പ്രായം യുവത്വം തുളുമ്പാനാകും -
വിധത്തില്‍ നിയന്ത്രിക്കുന്നത് ഈ കോശങ്ങളാണത്രെ!

ഇനി അടുത്ത തവണ പരിശോധിക്കുമ്പോള്‍
അന്ന് പൂട്ടിയിട്ട അറ പോട്ടിച്ച്
ആ വര്‍ണ്ണ കോശങ്ങള്‍ വാരിയെടുത്ത്
ഒരു കുപ്പിയിലാക്കണം
അതിന്റെ തന്മാത്രഘടന പഠിക്കണം
പിന്നെ കൃത്രിമമായി നിര്‍മ്മിക്കണം

തിരിച്ച് കാലം എന്നോട് ;
“ആ പാവത്താന്റെ ചതിയാല്‍
വിഷം തീണ്ടിയ കരളെന്തേ നീ പഠിക്കാത്തെ?“

ഞാന്‍ കാലത്തിനോട്;
‘‘നറുമണമുള്ള കൈതപ്പൂവാകുന്ന കരളിനെ
പഠിക്കാനെടുക്കല്ലേന്ന് നീയല്ലേ അന്ന് ശപിച്ചത്?‘‘

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാളുടെ
വൃദ്ധനാകാത്ത ഹൃദയം
ഇനി ഞാനൊന്ന് പഠിക്കട്ടെ!!!

-----------------------
*ദുബായിലെ (കൈതമുള്ള്) ശശി(ചിറയില്‍)യേട്ടനെ പലതവണ കണ്ടപ്പോള്‍
മനസ്സില്‍ കുറിച്ചത് ഇവിടെ പകര്‍ത്തി എന്ന് മാത്രം!